അരുവിത്തുറ തിരുനാളിനു കൊടിയേറി
Friday, April 23, 2021 1:06 AM IST
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വൈകുന്നേരം പുറത്തുനമസ്കാരത്തിന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സ്കറിയ മേനാംപറന്പിൽ, ഫാ. പ്രിൻസ് വള്ളോംപുരയിടത്തിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ സഹകാർമികരായിരുന്നു.
ഇന്ന് തിരുസ്വരൂപ പ്രതിഷ്ഠ
23ന് രാവിലെ 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുർബാന അർപ്പിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധ കുർബാനയെ തുടർന്നു പ്രദക്ഷിണം. 24നു പ്രധാന തിരുനാൾ ദിനം. 10.30നു തിരുനാൾ റാസ, 12നു പകൽ പ്രദക്ഷിണം. ഏപ്രിൽ 25 ഇടവകക്കാരുടെ തിരുനാൾ. വൈകുന്നേരം ഏഴിനു തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 23നും 24നും 25നും രാവിലെ മുതൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടാകും. മറ്റ് ദിവസങ്ങളിൽ രാവിലെ 5.30നും 6.30നും 7.30നും 8.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, നൊവേന. മേയ് മൂന്നിനു തിരുനാൾ സമാപിക്കും.
പ്രവേശനത്തിന് നിയന്ത്രണം
പള്ളിക്കുള്ളിൽ 75 പേർക്കും കോന്പൗണ്ടിൽ 150 പേർക്കുമാണ് ഒരേ സമയം പ്രവേശനം. പ്രദക്ഷിണത്തിനും നിയന്ത്രണമുണ്ട്. ഭക്ഷണ പദാർഥങ്ങളും തിരി, എണ്ണ, നേർച്ച രൂപങ്ങളും നേർച്ചയായി സ്വീകരിക്കുന്നതല്ല.