അധ്യാപക നിയമനം: 29നകം തീരുമാനം വേണമെന്ന് കെഎടി
Saturday, June 12, 2021 1:17 AM IST
കൊച്ചി: പിഎസ്സി മുഖേന അധ്യാപക നിയമനത്തിനു ശിപാര്‍ശ ലഭിച്ചവരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ മാസം 29നകം അന്തിമതീരുമാനമെടുക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) നിര്‍ദേശം നല്കി. നിയമനകാര്യം രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ഉറപ്പു രേഖപ്പെടുത്തിയാണ് ട്രൈബ്യൂണല്‍ ഇക്കാര്യം പറഞ്ഞത്. തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്കു ശമ്പളം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കേണ്ടി വരുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പു നല്കി.
പിഎസ്സി മുഖേന നിയമന ശിപാര്‍ശ ലഭിച്ചിട്ടും സ്കൂളുകള്‍ തുറക്കുന്നില്ലെന്ന പേരില്‍ നിയമനം നടത്താത്തതു ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ഥികള്‍ കെഎടിയെ സമീപിച്ചത്. ഉറപ്പായ നിയമനത്തിലൂടെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നും നിയമനം നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍.
എയ്ഡഡ് സ്കൂളുകളിലെ താത്കാലിക നിയമനങ്ങള്‍ക്കു പോലും അനുമതി നല്‍കുമ്പോഴാണ് തങ്ങളെ സര്‍ക്കാര്‍ തഴയുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാന്‍ കെഎടി നിര്‍ദേശിച്ചത്. ഹര്‍ജികള്‍ 29നു വീണ്ടും പരിഗണിക്കും.