മരംമുറി നടന്നതു സർക്കാർ സഹായത്തോടെ: കേന്ദ്രമന്ത്രി വി. മുരളീധരൻ
Saturday, June 12, 2021 1:17 AM IST
കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശങ്ങൾ സന്ദർശിച്ചു. 11 ഓടെ കൽപ്പറ്റയിൽ എത്തിയ അദ്ദേഹം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ജില്ലാ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മലങ്കര കോളനികളിലേക്കു തിരിച്ചത്. സർക്കാർ സഹായത്തോടെയാണ് മരം മുറി നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പാവപ്പെട്ട വനവാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണു മരങ്ങൾ മുറിച്ചുമാറ്റിയത്. മരം മുറിച്ചവർ മാത്രമല്ല മരം മുറിക്കാൻ അനുവാദം നൽകിയ ഭരണകൂടവും ഒരുപോലെതന്നെ ഉത്തരവാദിയാണ്. സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്കു കൈമാറും. വയനാടിന്റെ എംപികൂടിയായ രാഹുൽ ഗാന്ധി ഇതിൽ മൗനം നടിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.