പോർവിളി നടത്തുന്നത് പാളിച്ചകൾ മറച്ചുവയ്ക്കാൻ: വി. മുരളീധരൻ
Sunday, June 20, 2021 1:06 AM IST
തിരുവനന്തപുരം: മുട്ടിൽ മരംമുറി, കോവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിവയിൽ നിന്നു ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം പോർവിളി നടത്തുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്.
സർക്കാരിനെ വിമർശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നും പ്രതിപക്ഷ നേതാവ് അധികാരമേറ്റപ്പോൾ പറഞ്ഞതാണ്. കോവിഡ് കാര്യങ്ങൾ വിശദീകരിക്കുന്ന പത്ര സമ്മേളനത്തിൽ മുൻകൂട്ടി തയാറാക്കി കാൽ മണിക്കൂർ കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയെയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കെപിസിസി പ്രസിഡന്റിനെയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.