ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം 25ന്
Monday, June 21, 2021 1:07 AM IST
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒയുടെ നേതൃത്വത്തിൽ 25ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒപി ബഹിഷ്കരണ സമരം നടത്തും. സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്നും അന്നു രാവിലെ 10 മുതൽ 11 വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ചു പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.
അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസമായി നടത്തി വരുന്ന പ്രതിഷേധങ്ങൾ സർക്കാർ അവഗണിച്ച സാഹചര്യത്തിലാണ് ഒപി ബഹിഷ്കരണ സമരത്തിലേക്കു പോകുന്നതെന്നു കെജിഎംഒഎ പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷും അറിയിച്ചു.