കരിപ്പൂർ വിമാനത്താവളത്തിനു പുറത്തും ഇനി പോലീസ് പരിശോധന
Wednesday, June 23, 2021 12:48 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലേക്കു കടക്കുന്നതും പുറത്തിറങ്ങുന്നതുമായ മുഴുവൻ വാഹനങ്ങളിലും ഇനി പോലീസ് പരിശോധന. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു വാഹനങ്ങൾ കയറിയിറങ്ങുന്നതിന്റെ അടിസ്ഥാനത്തിലാണു കരിപ്പൂർ വിമാനത്താവള പരിസരത്ത് പരിശോധന കർശനമാക്കാൻ തീരുമാനിച്ചതെന്നു മലപ്പുറം പോലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു.
വിമാനത്താവളം എത്തുന്നതിനു മുന്പുള്ള നുഹ്മാൻ ജംഗ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന നടത്തും. വാഹനങ്ങളിലുള്ളവർ ഇവിടെ പോലീസിന് കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കണം.
നുഹ്മാൻ ജംഗ്ഷൻ മുതൽ വിമാനത്താവള പ്രവേശന കവാടം വരെയുള്ള സ്ഥലത്ത് അനധികൃത പാർക്കിംഗ് അനുവദിക്കില്ല. സമീപത്തെ പോക്കറ്റ് റോഡുകളെല്ലാം പോലീസ് അടയ്ക്കും. കൊണ്ടോട്ടിയിലും ദേശീയപാതയിലും രാത്രികാല പട്രോളിംഗ് ശക്തമാക്കും.