പൂവച്ചൽ ഖാദറിന് അന്ത്യാഞ്ജലി
Wednesday, June 23, 2021 12:48 AM IST
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന് (72) അന്ത്യാ ഞ്ജലി. കോവിഡ് ബാധിതനായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകുന്നേരം പൂവച്ചൽ കുഴിയംകോണം മുസ്ലിം ജമാ അത്ത് മസ്ജിദിൽ നടത്തി.
മൂന്നര പതിറ്റാണ്ടു പിന്നിട്ട കാവ്യജീവിതത്തിൽ മുന്നൂറിലേറെ സിനിമകൾക്കായി രണ്ടായിരത്തോളം ഗാനങ്ങൾ രചിച്ച പൂവച്ചൽ ഖാദർ എക്കാലത്തും മലയാളികൾ മനസിൽ സൂക്ഷിക്കുന്ന അനശ്വര പ്രണയഗാനങ്ങളുടെ ശിൽപിയാണ്.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കല്പനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ (കായലും കയറും), പൂമാനമേ ഒരു രാഗമേഘം താ(നിറക്കൂട്ട്), മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങി സംഗീതാസ്വാദകരുടെ ചുണ്ടിൽ ഇപ്പോഴും തത്തിക്കളിക്കുന്ന അനവധി നിരവധി ഹിറ്റ് സിനിമഗാനങ്ങൾ ഖാദർ മലയാളത്തിനു സമ്മാനിച്ചു. "നീയെന്റെ പ്രാർഥന കേട്ടു’ എന്നു തുടങ്ങുന്ന പ്രശസ്ത മായ ക്രിസ്തീയ ഭക്തിഗാനം രചിച്ചതും ഖാദറാണ്. സിനിമാഗാനങ്ങൾക്കു പുറമെ നിരവധി നാടകഗാനങ്ങളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും കൊണ്ട് അദ്ദേഹം മലയാള ഗാനശാഖയെ സന്പന്നമാക്കി.
1948 ഡിസംബർ 25ന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് :അബൂബക്കർ. മാതാവ്: റാബിയത്തുൽ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനിയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽനിന്ന് എഎംഐഇയും പാസായി. തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പാട്ടിന്റെ വഴിയിലൂടെയുള്ള തന്റെ ഹൃദയസഞ്ചാരം തുടർന്നു.
കോഴിക്കോട്ട് ജോലി ചെയ്യുന്ന കാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ടാണ് ഖാദർ 1972ൽ ചലച്ചിത്രഗാന രചനയിലേക്കു കടന്നു വന്നത്. 1973ൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിലെ ’നീയെന്റെ പ്രാർഥന കേട്ടു’, ’മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന