നിയന്ത്രണം ഒരാഴ്ചകൂടി നീട്ടിയേക്കും
Tuesday, July 6, 2021 1:13 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശമുണ്ടായത്.
നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പും പോലീസും യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. ഇതുകൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിൽത്തന്നെ തുടരുന്നത് ആശ്വാസകരമല്ലെന്ന പൊതുവിലയിരുത്തലാണ് ഇന്നലെ ചേർന്ന യോഗത്തിലുണ്ടായത്. അതേസമയം, സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും കൂടുതൽ ജാഗ്രത വേണമെന്നുമുള്ള വിലയിരുത്തലും യോഗത്തിലുണ്ടായി.