അനുകൂല ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസല്ല: വി.ഡി. സതീശൻ
Friday, July 23, 2021 12:05 AM IST
തിരുവനന്തപുരം: ധാർഷ്ഠ്യവും ധിക്കാരവും കാണിച്ച് അനുകൂല ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസെന്ന നിലയിലാണു സർക്കാർ കാണുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷാവിഷയത്തിൽ ഈ സർക്കാർ ഒരു നിലപാടും സ്വീകരിച്ചില്ല. വാളയാറിലെ കറുത്ത പാടുകൾ ഈ സർക്കാരിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. വനിതാ കമ്മീഷന്റെ വിശ്വാസ്യതയെപ്പോലും തകർന്നു.
മരംകൊള്ള സംബന്ധിച്ച വിവരങ്ങൾ വിവാരാവകാശ നിയമപ്രകാരം നൽകിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുത്തു. നിയമസഭയിൽ ധനാഭ്യർഥനയെ എതിർത്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിൽ ഒരേ അഭിപ്രായമാണുള്ളത്. എന്നാൽ, എൽഡിഎഫിൽ അങ്ങനെ ആയിരുന്നില്ല. അപ്പീൽ പോകണമെന്ന് ഐഎൻഎൽ ആവശ്യപ്പെട്ടപ്പോൾ കോടതിവിധി നടപ്പാക്കണമെന്നാണു കേരള കോണ്ഗ്രസ് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.