ന്യൂനപക്ഷ സ്കോളർഷിപ്: നിലപാടിൽ വ്യക്തത വരുത്തി യുഡിഎഫ്
Friday, July 23, 2021 12:13 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുന്ന തീരുമാനത്തെ അനുകൂലിച്ചു യുഡിഎഫ്. എന്നാൽ, സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിംകൾക്കു ലഭിച്ചു വന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കണമെന്നും യുഡിഎഫ് നിലപാടെടുത്തു.
വിഷയത്തിൽ മുന്നണിക്കകത്തു വ്യത്യസ്ത നിലപാടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെ യുഡിഎഫ് കക്ഷിനേതാക്കൾ യോഗം ചേർന്നാണു നിലപാടു സ്വീകരിച്ചത്. ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നിലപാടു വ്യക്തമാക്കി.
ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്ന കമ്മീഷന്റെ റിപ്പോർട്ട് വരുന്പോൾ അതിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാണ് യുഡിഎഫ് നിലപാട്. അപ്പോൾ സച്ചാർ കമ്മിറ്റി ശിപാർശകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിനും ലഭ്യമാകണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. അതു പ്രത്യേക പദ്ധതിയാക്കി നടപ്പിലാക്കണം.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്ത വി.ഡി. സതീശന്റെ പ്രസ്താവനയുടെ പേരിൽ മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുന്പ് യുഡിഎഫ് ഒരുമിച്ചിരുന്ന് മുന്നണിയുടെ നിലപാടിനു രൂപം നൽകിയത്.
സ്കോളർഷിപ് വിഷയത്തിൽ താൻ എപ്പോഴും ഒരേ നിലപാടു തന്നെയാണു സ്വീകരിച്ചതെന്നു വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സ്കോളർഷിപ്പിനെ സമുദായങ്ങൾ തമ്മിലടിക്കാനുള്ള വഴിയാക്കി മാറ്റരുത്. സച്ചാർ, പാലൊളി കമ്മിറ്റികൾ ഒരേ ശിപാർശകളാണു നൽകിയത്. അതുകൂടി പ്രത്യേക പദ്ധതി ആയി നടപ്പിലാക്കണം. ഇതു വലിയ തുക സ്കോളർഷിപ്പായി ലഭിക്കുന്ന പദ്ധതി അല്ല.
ഏറ്റവും വലിയ തുക ലഭിക്കുന്ന 17,000 പ്രീ മെട്രിക് സ്കോളർഷിപ്പുകൾ സർക്കാർ സംസ്ഥാനത്തിനു നഷ്ടമാക്കി. ഈ സ്കോളർഷിപ് ഒരിക്കൽ നടപ്പിലാക്കിയില്ലെങ്കിൽ പിന്നീട് മറ്റൊരു സംസ്ഥാനത്തിനു ലഭിക്കും. കേരളത്തിന്റെ പ്രീമെട്രിക് സ്കോളർഷിപ്പുകൾ ഇപ്പോൾ യുപിക്കാണു ലഭിച്ചിരിക്കുന്നത്. അതിനാൽ ചെറിയ തുക കിട്ടുന്ന ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് സതീശൻ പറഞ്ഞു.