കെ.എം. മാണി മൈക്രോ ഇറിഗേഷൻ പദ്ധതിക്കായി 12 കോടി വകയിരുത്തി: ജലവിഭവമന്ത്രി
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: കെ.എം. മാണി മൈക്രോ ഇറിഗേഷൻ പദ്ധതിക്കായി 12 കോടി രൂപ നടപ്പു സാന്പത്തിക വർഷത്തേക്ക് വകയിരുത്തിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. 2021- 22 സാന്പത്തിക വർഷത്തേക്ക് 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അകലെയുളള കൃഷിയിടത്തിലേക്ക് കനാലിൽ നിന്ന് മൈക്രോ ഇറിഗേഷൻ പദ്ധതിയിലൂടെ ജലം എത്തിക്കുന്നതാണ് പദ്ധതി. കൃഷി, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
നാണ്യവിളകളായ ഏലം, കുരുമുളക്, ജാതി തെങ്ങ്, കൊക്കോ കാപ്പി, കവുങ്ങ് തുടങ്ങിയവയ്ക്കും ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, വാഴ എന്നിവയ്ക്കും പദ്ധതിവഴി ജലം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തൂർ, പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.