ക്രൈസ്തവരുടെ ആഭ്യന്തരവിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്കു വിഷയമാക്കുന്നതു പ്രതിഷേധാര്‍ഹം: ഐക്യജാഗ്രതാ കമ്മീഷന്
Wednesday, July 28, 2021 11:51 PM IST
കൊച്ചി: ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാര്‍ഹമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. ഏതാനും വര്‍ഷങ്ങളായി വിവിധ മാധ്യമങ്ങള്‍ അമിത പ്രാധാന്യം കൊടുത്ത് ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങള്‍ അന്തിച്ചര്ച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപകാലങ്ങളില്‍ ആ ശൈലി വര്‍ധിച്ചു.
കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധികള്‍ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ-കത്തോലിക്കാ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്.
പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്. ഉത്തരവാദിത്വത്തോടെ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തയാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്.
ഒരു ജനസംഖ്യാ വിസ്ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകര്‍ച്ച തന്നെയാണെന്നു വ്യക്തം. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും കാണികളെ ആകര്‍ഷിക്കാനും കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈവെടിയണം. ദൃശ്യ, പത്ര മാധ്യമ നേതൃത്വങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മനസിലാക്കി അവരെ തിരുത്താന്‍ കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ മതേതര നേതൃത്വങ്ങളും തയാറാകണമെന്നും ഐക്യജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.