ഓണാട്ടുകര ടൂറിസം സർക്യൂട്ട് പരിശോധിക്കും: മന്ത്രി റിയാസ്
Friday, July 30, 2021 12:54 AM IST
തിരുവനന്തപുരം: ഓണാട്ടുകര മേഖലയെ ടൂറിസം സർക്യൂട്ടായി വികസിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ടൂറിസം മന്ത്രി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എം.എസ്. അരുണ്‍ കുമാറിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണാട്ടുകര മേഖലയുടെ പൈതൃകവും കൃഷി രീതികളും ഉത്സവങ്ങളും കലാരൂപങ്ങളുമെല്ലാം കോർത്തിണക്കി ഒരു സർക്യൂട്ട് വികസിപ്പിച്ച് വിനോദസഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതു വഴി ഈ പ്രദേശത്തിെന്റെ വികസനം കൂടി ലക്ഷ്യമിടുന്നു.
ഓണാട്ടുകരയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന ഒട്ടേറെ ശേഷിപ്പുകൾ ഈ പ്രദേശങ്ങളിലുണ്ട്. നൂറനാട്-പാലമേൽ പ്രദേശങ്ങൾ ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഇഷ്ടയിടമായ ഈ മേഖല ഇനിയും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ചെട്ടികുളങ്ങര , ചുനക്കര പടനിലം തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും കെട്ടുകാഴ്ചകളും പ്രസിദ്ധമാണ്.
ഓണാട്ടുകരയുടെ തനതായ കാർഷിക പാരന്പര്യവും ചരിത്ര പ്രസിദ്ധങ്ങളായ സ്മാരകങ്ങളും ഉത്സവങ്ങളും പ്രകൃതിഭംഗിയും എല്ലാം തന്നെ സഞ്ചാരികൾക്കും ഭാവിതലമുറകൾക്കുമായി സംരക്ഷിച്ച് അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ബുദ്ധമതപാരന്പര്യം വിളിച്ചോതുന്നവയാണ് ഈ പ്രദേശങ്ങളിലെ ബുദ്ധ വിഗ്രഹങ്ങൾ. ഇവയെല്ലാം തന്നെ സഞ്ചാരികൾക്ക് അനുഭവവേദ്യമാകുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.