ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി; പുനർനിര്‍ണയം വേണ്ടെന്നു ഹൈക്കോടതി
Friday, July 30, 2021 12:54 AM IST
കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി പുനർനിര്ണയിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ന്യൂനപക്ഷ സമുദായങ്ങളിലെ ചുരുക്കം ചിലര്‍ സമ്പന്നരാണെന്ന പേരില്‍ ഈ സമുദായങ്ങളിലെ മുഴുവന്‍ അംഗങ്ങളും സാമൂഹ്യമായും സാമ്പത്തികമായും മുന്നിലാണെന്നു പറയാനാവില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്.കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും ചേര്‍ന്നാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത്.
ന്യൂനപക്ഷ പദവിയുമായി ഇതിനൊരു ബന്ധവുമില്ല. ന്യൂനപക്ഷമെന്നതു നമ്മുടെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നതിന്റെ പേരില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സിറ്റിസണ്‍സ് അസോസിയേഷന് ഫോര്‍ ഡെമോക്രസി, ഇക്വാലിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം (കേഡറ്റ്സ്) എന്ന സംഘടനയാണ് ഹർജി നൽകിയത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനർനിര്‍ണയിക്കാന്‍ കമ്മീഷനോടു നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവു നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാരിനു ദേശീയ ന്യൂനപക്ഷ കമ്മീഷനോട് ഇത്തരത്തില്‍ നിര്‍ദേശിക്കാന്‍ നിയമപരമായി കഴിയില്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. 1992 ലെ ദേശീയ മൈനോറിറ്റി കമ്മീഷന് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വിഭാഗങ്ങളെയാണു ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇക്കാര്യം കേരള സ്റ്റേറ്റ് കമ്മീഷന് ഫോര്‍ മൈനോരിറ്റീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.