ലീഗ് നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഹരിത നേതാക്കൾ
Thursday, September 16, 2021 12:36 AM IST
കോഴിക്കോട്: കള്ളികൾ, ധിക്കാരികൾ എന്ന നിലയിലുള്ള സൈബർ ആക്രമണം തുടരുകയാണെന്നും നേതാക്കൾ കൈയൊഴിയുന്പോഴും നേതൃത്വത്തിന്റെ മനോഭാവം മാറ്റിയെടുക്കാൻ പ്രവർത്തനം തുടരുമെന്നും ഹരിതയുടെ മുൻ ഭാരവാഹികൾ. ഇന്നലെ കാലിക്കട്ട് പ്രസ്ക്ലബിൽ നേതാക്കൾക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഇവർ പ്രതികരിച്ചത്.
ഹരിതയുടെ മുൻ പ്രസിഡന്റ് മുഫീദ തെസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്സീറ, വൈസ് പ്രസിഡന്റ് ഫസീല, ജോയിന്റ് സെക്രട്ടറി മിന ഫർസാന എന്നിവരായിരുന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ നിശ്ചയിച്ച സ്ഥിതിക്ക് സമാന്തര സംഘടനയെകുറിച്ച് ആലോചിക്കുമെന്നും ഇവർ പറഞ്ഞു.
നജ്മ മൊഴി നൽകി
ഹരിതയുടെ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്സീറ മജിസ്ട്രേറ്റിനു മുൻപാകെ രഹസ്യമൊഴി നൽകി. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനതിരേ പരാതി നൽകിയ ഹരിത നേതാക്കളിലൊരാളാണ് നജ്മ തബ്സീറ.
ഇതു സംബന്ധിച്ച് മൊഴിനൽകാൻ കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി നജ്മ തബ്സീറയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കോടതിയിലെത്തി രഹസ്യമൊഴി നൽകിയത്.