പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: പതിനാറു വയസുകാരി ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ (16) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കവടിയാർ ജവഹർ നഗറിലെ നികുഞ്ചം ഫോർച്യൂണ്‍ ഫ്ലാറ്റിലെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫ്ലാറ്റിന്റെ മുകളിൽ നിന്ന് എന്തോ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കാണുന്നത്. ഉടൻതന്നെ ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് മരിച്ച ഭവ്യ. 2019 ലാണ് ഉത്തർപ്രദേശി സ്വദേശിയായ ആനന്ദ് സിംഗ് നികുഞ്ചം ഫോർച്യൂണ്‍ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്.