പുനർഗേഹം പദ്ധതി: തീരത്ത് കുടിയൊഴിപ്പിക്കലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരമേഖലയിൽ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോൽ നൽകലും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരത്ത് വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 7716 പേർ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിരന്തര പ്രകൃതിക്ഷോഭത്തിൽ നിന്ന് തീരദേശവാസികളെ ശാശ്വതമായി രക്ഷിക്കാനുള്ള പദ്ധതിയായാണ് പുനർഗേഹം സർക്കാർ ആവിഷ്ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ജൈവവേലികൾ നിർമിച്ച് ബഫർ സോണാക്കി മാറ്റി തീരസംരക്ഷണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.