പിന്നാക്ക സമുദായ ഐക്യം അടിയന്തര ആവശ്യം: കെആര്‍എല്‍സിസി
Friday, September 17, 2021 12:49 AM IST
കൊച്ചി: രാജ്യത്തു ഭീതിജനകമായ വിധത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയത, ഇതരമതവിദ്വേഷം, ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍, കോര്‍പറേറ്റിസം എന്നിവയെ പ്രതിരോധിച്ചു സാര്‍വത്രിക മാനവികതയില്‍ അധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിക്കു മുഴുവന്‍ പിന്നാക്ക സമുദായങ്ങളുടെയും ഐക്യവും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും അടിയന്തര ആവശ്യമാണെന്നു കെആര്‍എല്‍സിസി സോഷ്യോ പൊളിറ്റിക്കല്‍ അക്കാഡമി ശില്പശാല അഭിപ്രായപ്പെട്ടു.
നിയമനിര്‍മാണ സംവിധാനങ്ങളിലും ഭരണനിര്‍വഹണത്തിലും നീതിന്യായ സംവിധാനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നത് ഭരണഘടന വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്ര ലക്ഷ്യത്തെയും സന്തുലിത വികസനത്തെയും തടസപ്പെടുത്തുകയാണ്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആംഗ്ലോ ഇന്ത്യന്‍ ജനവിഭാഗത്തിന് 1966 മുതല്‍ നിഷേധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസ സംവരണം 2014 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പുനഃസ്ഥാപിച്ചെങ്കിലും ചില ഉദ്യോഗസ്ഥന്മാരുടെ കാര്‍ക്കശ്യം മൂലം ആര്‍ട്സ്/സയന്‍സ് കോഴ്സുകളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ സംവരണം ഇനിയും നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം വിലയിരുത്തി..
കേരള പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രഥമ ഡയറക്ടര്‍, വി ആര് ജോഷി, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. ജോയി ഗോതുരുത്ത് മോഡറേറ്റര്‍ ആയിരുന്നു. ഫാ തോമസ് തറയില്‍, ജോസഫ് ജൂഡ്, പി.ജെ. തോമസ്, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.