ഡോ. കെ.ആര്. വിശ്വംഭരന് അന്തരിച്ചു
Saturday, September 18, 2021 12:07 AM IST
കൊച്ചി: ഔഷധി ചെയര്‍മാനും കാര്‍ഷിക സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്. വിശ്വംഭരന് (72) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തില്‍ നടക്കും.
കനറാ ബാങ്കില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം. പിന്നീട് സര്‍ക്കാര്‍ സര്‍വീസിലെത്തി. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിൽ കളക്ടര്‍, ഹയര്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ടെല്ക്കിന്റെയും റബര്‍ മാര്‍ക്കിന്റെയും എംഡി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കുറച്ചുനാള്‍ എറണാകുളത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചു.
മഹാരാജാസ് കോളജില്‍ നടന് മമ്മൂട്ടിയുടെ സഹപാഠിയായിരുന്ന വിശ്വംഭരന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായിരുന്നു. വർഷങ്ങളായി ഇടപ്പള്ളി അഞ്ചുമനയിലായിരുന്നു താമസം. കൊച്ചിയിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളുടെ മുൻനിരയിലുണ്ടായിരുന്നു.
മാവേലിക്കര കാവില്‍ പരേതനായ കെ.വി. അച്യുതൻ-കെ.എസ്. തങ്കമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: കോമളം (റിട്ട. എസ്ബിടി). മക്കള്‍: അഭിരാമന്‍, അഖില. മരുമക്കള്‍: അഭികൃഷ്ണന്, ഷബാന.