പാലാ ബിഷപ്പിനു ദുരുദ്ദേശ്യമുള്ളതായി സിപിഎം കരുതുന്നില്ല: എ. വിജയരാഘവൻ
Saturday, September 18, 2021 12:07 AM IST
തിരുവനന്തപുരം: പാലാ ബിഷപ്പിനു ദുരുദ്ദേശ്യമുള്ളതായി സിപിഎം കരുതുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടു ബിജെപി തെറ്റായ പ്രചരണം നടത്തി. സമൂഹത്തിൽ വർഗീയസംഘർഷം ഉണ്ടാക്കാനും ന്യൂനപക്ഷങ്ങൾക്കിടയിൽ തർക്കമുണ്ടാക്കി ലാഭം കൊയ്യാനാണു ബിജെപി ശ്രമിക്കുന്നതെന്നും എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വർഗീയതയ്ക്കു കൂട്ടുപിടിക്കുന്ന പാർട്ടിയാണു കോണ്‍ഗ്രസ്. യുഡിഎഫിലെ മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ആഭ്യന്തര പ്രശ്നങ്ങൾ ശക്തിപ്പെടുകയാണ്. ഹരിത വിഷയത്തിൽ ലീഗ് സ്വീകരിച്ച നിലപാടു സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിൽനിന്നു വരുന്ന നേതാക്കൾക്കു സിപിഎം അർഹമായ സ്ഥാനം നൽകും. ഇനിയും നേതാക്കൾ കോണ്‍ഗ്രസിൽനിന്നും സിപിഎമ്മിലെത്തും. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കൾ ഇടതുപക്ഷത്തേക്ക് എത്തുന്നതിനു പിന്നിൽ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ സ്വഭാവം കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു.