മന്ത്രി വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചു
Saturday, September 18, 2021 12:59 AM IST
പാലാ: കുറവിലങ്ങാട് പള്ളിയിലെ ചടങ്ങിൽ ബിഷപ് നടത്തിയ പരാമർശത്തിന്റെ പേരിൽ ചില നിക്ഷിപ്ത താത്പര്യക്കാരാണ് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വർഗീയത തീവ്രവാദ ശക്തികളാണ് ഇതിനു പിന്നിൽ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെയും തീവ്രവാദ നിലപാടുകളെയും ചെറുക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. മതനിരപേക്ഷത സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യം.
സമൂഹത്തിൽ വിഭാഗീയത വളർത്തുന്ന രീതിയിൽ നവമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ സമാധാനത്തിന്റെ അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. വർഗീയ ചേരിതിരിവിനു ശ്രമിക്കുന്ന ശക്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.