പാലാ ബിഷപ്പിനെ കണ്ടത് സൗഹൃദം പങ്കിടാൻ മാത്രം: മന്ത്രി വാസവൻ
Sunday, September 19, 2021 11:22 PM IST
കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി നടന്നത് തികച്ചും സൗഹാർദ സന്ദർശനം മാത്രമായിരുന്നെന്നു മന്ത്രി വി.എൻ. വാസവൻ. ബിഷപ് നടത്തിയ പരാമർശവുമായി അതിനു യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ചിലർ ഗൂഢലക്ഷ്യത്തോടെയാണ് വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്.
ബിഷപ്പിന്റെ പരാമർശം സംബന്ധിച്ചൊന്നും ഞങ്ങൾ ചർച്ച ചെയ്തില്ല. കഴിഞ്ഞ 14നു മെഡിസിറ്റി ആശുപത്രി വാർഷികച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തായതിനാൽ പോകാൻ സാധിച്ചിരുന്നില്ല. അതിനാലാണ് സമയം കിട്ടിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടത്.
തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണം എന്നതാണ് സർക്കാർ നിലപാട്. ദുരുദ്ദേശ്യത്തോടെയുള്ള പ്രചാരണത്തെ തള്ളാൻ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയുമെന്നും വി. എൻ. വാസവൻ പറഞ്ഞു.