എ. വിജയരാഘവൻ വർഗീയവാദിയെന്ന് കെ. സുധാകരൻ
Tuesday, September 21, 2021 2:21 AM IST
കണ്ണൂർ: വർഗീയ വിഷം ചുരത്തുന്ന വർഗീയവാദിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെന്ന് പറയേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ബിജെപിയും കോൺഗ്രസും വർഗീയ ചേരിത്തിരിവിന് ശ്രമിക്കുന്നുവെന്ന പരാമർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേയാണ് കെ. സുധാകരൻ ആഞ്ഞടിച്ചത്. വിജയരാഘവനെന്ന ശിഖണ്ഡിയെ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും മതമേലാധ്യക്ഷന്മാർക്കെതിരേ യുദ്ധം ചെയ്യുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.
സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കെ. സുധാകരന് കടന്നാക്രമിച്ചത്. മതമേലാധ്യക്ഷന്മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ചു ചേര്‍ത്ത് പ്രശ്നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്. ഒരു മന്ത്രി വന്ന് പ്രസ്താവനയിറക്കി പോയാൽ പ്രശ്നം തീരില്ല. യോഗം വിളിച്ചുചേർക്കാൻ എന്താണ് പ്രശ്നമെന്നും സുധാകരൻ ചോദിച്ചു.
കോണ്‍ഗ്രസ് മതമേലധ്യക്ഷന്മാരുടെ യോഗം വിളിക്കുന്നുണ്ട്. എല്ലാ മതനേതാക്കളും മത സൗഹാർദം നിലനിർത്താൻ ക്രിയാത്മ പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്നും സുധാകരൻ പറഞ്ഞു.