കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Tuesday, September 21, 2021 2:21 AM IST
വരന്തരപ്പിള്ളി (തൃശൂർ): ഇഞ്ചക്കുണ്ടിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്കു ഗുരുതര പരിക്കേറ്റു. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കൽ സെബാസ്റ്റ്യന്റെ മകൻ സ്റ്റെബിൻ (22) ആണു മരിച്ചത്. ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ ജോർജിന്റെ മകൻ ജോയലിന് (21) ആണു പരിക്കേറ്റത്.
ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കൽക്കുഴിയിൽനിന്ന് ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. റോഡിലെ വളവിൽവച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കലുങ്കിൽ തട്ടി മറിയുകയായിരുന്നു.
സ്റ്റെബിൻ സമീപത്തെ തെങ്ങിൽ തലയിടിച്ചു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ തലയ്ക്കു ഗുരുതര പരിക്കേറ്റ സ്റ്റെബിനെയും ജോയലിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെബിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റെബിന്റെ മാതാവ്: ഷീബ. സഹോദരി: സ്റ്റെബിൽഡ.