കാണാതായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി തിരിച്ചെത്തി; കോടതിയിൽ ഹാജരാക്കി വിട്ടയച്ചു
Tuesday, September 21, 2021 2:21 AM IST
ഇരിങ്ങാലക്കുട: കാണാതായ മാടായിക്കോണം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കണ്ണാട്ട് വീട്ടിൽ കൃഷ്ണൻ മകൻ സുജേഷ് (37) വീട്ടിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെ രണ്ടിനാണു വീട്ടിൽ തിരിച്ചെത്തിയത്. സുജേഷിനെ കാണാനില്ലെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കാണാതായതിനു കേസെടുത്തതിനാൽ കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരേ തെളിവുകൾ അക്കമിട്ടു നിരത്തിയതു സുജേഷായിരുന്നു.
രണ്ടു മാസം മുന്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.
ശനിയാഴ്ച രാവിലെ ഏഴരയോടെ കാറിൽ വീട്ടിൽനിന്ന് ഇറങ്ങിയ സുജേഷ് വൈകീട്ടും തിരിച്ചെത്തിയില്ല. രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനാലാണു സഹോദരൻ സുരേഷ് പോലീസിൽ പരാതി നല്കിയത്.
കഴിഞ്ഞ ദിവസം നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നു. സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഃഖിതനായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറയുന്നു.
കരുവന്നൂർ സാന്പത്തിക തട്ടിപ്പിൽ സിപിഎമ്മിനു പരാതി നല്കുകയും ബാങ്കിനു മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെ യ്തതിനെത്തുടർന്ന്് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സുജേഷിനെ പുറത്താക്കുകയും ചെയ്തിരുന്നു.