കൊടി സുനി ജയിൽ സൂപ്രണ്ട്: കെ. സുധാകരൻ
Wednesday, September 22, 2021 12:38 AM IST
കണ്ണൂർ: കൊടിസുനി ഏതു ജയിലിലാണോ താമസിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടാണ് അയാളെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ജയിലിലെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണ്.
ഭക്ഷണത്തിന്റെ കാര്യങ്ങൾ ഉൾപ്പെടെ. അതുകൊണ്ട് അയാൾക്ക് ഫോൺ ചെയ്യാനുള്ള സൗകര്യവും ജയിലിലുണ്ട്. ഇതു വളരെ പണ്ടേ കോൺഗ്രസ് പറഞ്ഞ കാര്യമാണ്. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജയിലിൽ ഡിജിപി പരിശോധന നടത്തിയപ്പോൾ കൊടി സുനിയുടെ മുറിയിൽനിന്നു ഫോണുകൾ കണ്ടെത്തിയിരുന്നു.
ഇടതുപക്ഷത്തിന്റെ ഭരണത്തണലിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി കൊടി സുനി ജയിലിൽ ജീവിക്കുകയാണ്. ഭരണാധികാരികളോട് ഇക്കാര്യത്തിൽ പറഞ്ഞിട്ടു കാര്യമില്ല. അവരുടെ ഒത്താശയോടുകൂടിയാണ് ഇയാൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നത്. ഇതേക്കുറിച്ച് എന്തെങ്കിലുമൊന്ന് പ്രതികരിക്കാനെങ്കിലും മുഖ്യമന്ത്രി തയാറാകണം.
ജയിലിനുള്ളിലെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ വരുമ്പോഴും ആഭ്യന്തര വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തീർത്തും ലജ്ജാകരമാണ്.
സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റിപ്പോറ്റുന്നത് ജയിൽ നിയമത്തിനെതിരാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. മതസൗഹാർദ യോഗം വിളിക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.