രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും: ഡിജിപി
Wednesday, September 22, 2021 12:38 AM IST
തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
രാത്രി പത്തു മണിമുതൽ രാവിലെ അഞ്ച് മണി വരെ എല്ലാ പ്രധാന ജംഗ്ഷനുകൾ, ഇട റോഡുകൾ, എടിഎം കൗണ്ടറുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ രാത്രികാല പട്രോളിംഗ് കർശനമാക്കും. ഇതിനായി ബീറ്റ് പട്രോൾ, നൈറ്റ് പട്രോൾ , ബൈക്ക് പട്രോൾ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോൾ വാഹനങ്ങളും, കണ്ട്രോൾ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.
ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്പെക്ടർമാരെയും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.