തൊടുപുഴയിൽ ഏഴര കിലോ കഞ്ചാവ് പിടിച്ചു
Friday, September 24, 2021 2:10 AM IST
തൊടുപുഴ: പോലീസ് നടത്തിയ റെയ്ഡിൽ ഏഴര കിലോ കഞ്ചാവും ഡിറ്റണേറ്ററുകളും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെത്തി. തെക്കുംഭാഗം പറയാനിക്കൽ അനൂപ് കേശവൻ (37) വാടകയ്ക്ക് താമസിക്കുന്ന അഞ്ചിരി കുട്ടപ്പൻ കവലയിലെ വാടകവീട്ടിൽ നിന്നാണ് ഇന്നലെ വൈകുന്നേരം പോലീസ് നടത്തിയ റെയ്ഡിൽ ഇവ കണ്ടെത്തിയത്.
അനൂപ് കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണെന്നും ഇയാളെ പിടികൂടുന്നതിനായി ഉൗർജിത അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. രണ്ടുദിവസം മുൻപ് വാഹന പരിശോധനയ്ക്കിടെ മുട്ടം പെരുമറ്റം റോഡിൽ തമലങ്കര ഗേറ്റിനു സമീപത്തുനിന്നു രണ്ടുകിലോ കഞ്ചാവുമായി പാലാ സ്വദേശിയായ യുവാവ് പിടിയിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ അനൂപാണെന്ന് വ്യക്തമായത്. ഇതേത്തുടർന്നു നടത്തിയ റെയ്ഡിലാണ് കഞ്ചാവുൾപ്പെടെയുള്ളവ കണ്ടെത്തിയത്. എന്നാൽ പോലീസെത്തുന്പോഴേക്കും അനൂപ് മുങ്ങിയിരുന്നു. തുടർന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി പോലീസ് അകത്ത് കയറുകയായിരുന്നു.
രണ്ടുകിലോയുടെ നാല് പായ്ക്കറ്റുകളാക്കി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ഒഴിഞ്ഞ ചാക്കുകളിലും കഞ്ചാവിന്റെ മണമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
എൻഡിപിഎസ്,അബ്കാരി നിയമപ്രകാരവും ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും അനൂപിനെതിരേ കേസെടുത്തു. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റേതാണോയെന്നു ലാബിൽ അയച്ച് പരിശോധന നടത്തും. തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു പി.ബാബു, കൃഷ്ണൻ നായർ, എഎസ്ഐ മാരായ ഷംസുദീൻ, ഹരീഷ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.