ഫാ. ജെൻസണിന്റെ ആഗ്രഹം പോലെ വൃക്കദാനത്തിന് അവസരം
Saturday, September 25, 2021 12:56 AM IST
കൽപ്പറ്റ: വൃക്ക ദാനം ചെയ്യണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഫാ. ജെൻസണ് ചെന്ദ്രാപ്പിന്നി. ലാസലെറ്റ് സന്യാസ സമൂഹത്തിലെ അംഗമായ ഫാ. ജെൻസണ് വർഷങ്ങളായി അവയവദാനത്തിനായി ആഗ്രഹിച്ചിരുന്നു.
ഇക്കാര്യം തന്റെ അടുത്ത സുഹൃത്തായ ജെയ്മോൻ കുമരകത്തെ അറിയിക്കുകയും ഇതിനായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇരിങ്ങാലക്കുട മൂന്നുമറി ഇടവകാംഗമായ ഫാ. ജെൻസണ് അവിടെയൊരു മൃതസംസ്കാരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൽഫി ആന്റു(27) എന്ന യുവതി വർഷങ്ങളായി വൃക്ക രോഗത്തെത്തുടർന്ന് കഷ്ടതയനുഭവിക്കുന്നതായി അറിഞ്ഞത്. ചികിത്സയ്ക്കായി പള്ളിയുടെ സമീപം സ്ഥാപിച്ച ഫ്ളക്സ് ബോർഡും കാണാനിടയായി. ഇതോടെ തന്റെ ആഗ്രഹം നിറവേറ്റാൻ ഫാ. ജെൻസണ് തീരുമാനിക്കുകയായിരുന്നു.
രക്തഗ്രൂപ്പും ചേർച്ചയുള്ളതായതോടെ വൃക്കദാനത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കി. എറണാകുളം പച്ചാളം ലൂർദ് ആശുപത്രിയിൽ കഴിയുന്ന ഫാ. ജെൻസണും ആൽഫിയും ശസ്ത്രക്രിയയ്ക്കായുള്ള ഒരുക്കത്തിലാണ്. 27 ന് രാവിലെയാണ് ശസ്ത്രക്രിയ.
മൂന്നുമുറി ചെന്ദ്രാപ്പിന്നി ജേക്കബ്-മറിയംകുട്ടി ദമ്പതികളുടെ മകനായ ഫാ. ജെൻസണ് ലാസലെറ്റ് സന്യാസ സമൂഹത്തിന്റെ വയനാട് നടവയലിലുള്ള ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറാണ്.