റേഷൻകടകളിൽ എത്തുന്നതു മോശം ഭക്ഷ്യധാന്യങ്ങൾ: ജോണി നെല്ലൂർ
Saturday, September 25, 2021 10:52 PM IST
മൂവാറ്റുപുഴ: ഫുഡ് കോർപറേഷൻ ഡിപ്പോകളിൽനിന്നും എൻഎഫ്എസ്എ ഗോഡൗണുകളിൽനിന്നും നിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ വിതരണം നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എകെആർആർഡിഎ) സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പല കടകളിലും അരിച്ചാക്കുകൾ പൊട്ടിക്കുന്പോൾ ചെള്ളുകളും ഗോതന്പ് ഉൾപ്പെടെയുള്ള വസ്തുക്കളും കാണുന്നുണ്ട്. ഈ വിവരം അധികൃതരെ അറിയിച്ചാൽ ഒരു നടപടിയുമില്ലെന്നു മാത്രമല്ല, ഈ അരി വിതരണം ചെയ്യാത്തതിന്റെ പേരിൽ റേഷൻ വ്യാപാരികളെ ദ്രോഹിക്കുകയുമാണെന്നു ജോണി നെല്ലൂർ പറഞ്ഞു.
ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ റേഷൻ കടക്കാർ ഇനി തയാറല്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.