വൈദ്യുതി ഉത്പാദനം കുറഞ്ഞു; ഉപയോഗം നിയന്ത്രിക്കണമെന്നു മന്ത്രി
Saturday, September 25, 2021 10:52 PM IST
തിരുവനന്തപുരം: വൈദ്യുതിലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർഥിച്ചു.
വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. അതിനാൽ എല്ലാ ഉപഭോക്താക്കളും പീക്ക് സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തി സഹകരിക്കണം. കൽക്കരിയുടെ ലഭ്യതയിൽ വൻ ഇടിവ് നേരിട്ടതിനാൽ ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
അതിനാൽ ദീർഘകാല കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ ഗണ്യമായ കുറവുണ്ടായി. ഈ കുറവ് പരിഹരിക്കാൻ വൈദ്യുതി ബോർഡ് ശ്രമം തുടരുന്നതായും മന്ത്രി അറിയിച്ചു.