സുധീരന്റെ രാജിയുടെ സാഹചര്യം പരിശോധിക്കും: താരീഖ് അൻവർ
Saturday, September 25, 2021 11:41 PM IST
നെടുമ്പാശേരി: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നു വി.എം. സുധീരൻ രാജിവയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. കെപിസിസി പ്രസിഡന്റുമായും സുധീരനുമായും ഇക്കാര്യം ചർച്ച ചെയ്യും.
ആരോഗ്യകാരണങ്ങളാണ് ചുമതലയിൽനിന്ന് ഒഴിവാകാൻ കാരണമെന്നാണു താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായെത്തിയ താരീഖ് അൻവർ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ചില നേതാക്കൾ കോൺഗ്രസ് വിട്ടത് കാര്യമാക്കുന്നില്ല. അധികാരമുള്ള പാർട്ടിയിലേക്കു കൂറുമാറുന്ന പരിപാടി പലയിടത്തുമുണ്ട്. എല്ലാ മുതിർന്ന നേതാക്കളെയും സഹകരിപ്പിച്ചായിരിക്കും സംസ്ഥാന കോൺഗ്രസ് മുന്നോട്ടു നീങ്ങുക. പ്രശ്നങ്ങളെല്ലാം നേതാക്കളുമായി ചർച്ച ചെയ്ത് പരിഹരിക്കും.
കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയേയും കോൺഗ്രസിലേക്കു സ്വാഗതം ചെയ്യുകയാണ്. ഇവരുടെ വരവ് കോൺഗ്രസിന് ഏറെ ഗുണം ചെയ്യും. ലക്ഷദ്വീപിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി ലക്ഷദ്വീപ് നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുമെന്നും താരീഖ് അൻവർ പറഞ്ഞു.