സ്കൂൾ തുറക്കലിനു മുന്‍പേ ലക്ഷ്യമിടുന്നതു പരമാവധി ബോധവത്കരണം
Monday, September 27, 2021 10:59 PM IST
തിരുവനന്തപുരം: സ്കൂൾ തുറക്കലിനു മുന്നോടിയായി വിദ്യാർഥികൾക്കു പരമാവധി ബോധവത്കരണം നടത്താൻ വിദ്യാഭ്യാസ വകുപ്പ്. അടുത്ത ആഴ്ചയോടെ സ്കൂൾ തുറക്കലിന്റെ മാർഗരേഖ പുറത്തിറങ്ങും.
ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള ബോധവത്കരണ പരിപാടികളാവും വിദ്യാഭ്യാസ വകുപ്പ് നടത്തുക. ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകൾ ഉള്ളതിനാൽ ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾ സ്കൂളിൽ എത്തേണ്ടെന്ന നിർദേശം സർക്കാർ പരിഗണനയിലാണ്. രക്ഷിതാക്കൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം വിദ്യാർഥികളെ സ്കൂളിലേക്കു വിട്ടാൽ മതിയെന്ന തീരുമാനവും മാർഗരേഖയിൽ ഉൾപ്പെടുത്തുമെന്നു സൂചനയുണ്ട്.
ആളകലം പാലിക്കൽ, സ്കൂളുകളിലെ ശുചിമുറി ഉപയോഗം, ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും വിദ്യാർഥികൾക്ക് പരമാവധി ബോധവത്കരണം നല്‍കുകയാണ് ലക്ഷ്യമിടുന്നത്.