ശബരിമല വെർച്വൽ ക്യൂ തുടരും
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനു വെർച്വൽ ക്യൂ സംവിധാനം തുടരുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബില്ലിലുള്ള ചർച്ചയിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
കോവിഡ് വന്നതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ കൊണ്ടുവന്നത്. വിശ്വാസത്തേക്കാൾ വലുതാണ് ശ്വാസമെന്നും മന്ത്രി പറഞ്ഞു.
ഈമാസം ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വെർച്വൽ ക്യൂ സംബന്ധിച്ച വിഷയം ഉയർന്നുവന്നു. വെർച്വൽ ക്യൂവിൽ ബുക്കു ചെയ്തവർ വരാതിരിക്കുകയും ആ സമയത്ത് ദർശനത്തിന് ആളില്ലാതെ വരികയും ചെയ്യുന്ന വിഷയം സംബന്ധിച്ച പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.