വേൾഡ് മലയാളി കൗണ്‍സിൽ വണ്‍ ഫെസ്റ്റ് കലാതിലകത്തെ ആദരിച്ചു
Saturday, October 16, 2021 1:09 AM IST
തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിൽ യൂത്ത് ഫോറം ആഗോളാടിസ്ഥാനത്തിൽ നടത്തിയ വണ്‍ ഫെസ്റ്റ് മത്സരത്തിൽ കലാതിലകപ്പട്ടം കരസ്ഥമാക്കിയ ഫാബി ഷാഹുലിനുള്ള സമ്മാനദാനം വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള നിർവഹിച്ചു.
ജോണി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മറിയാമ്മ കുരുവിള മെമ്മോറിയൽ ഗോൾഡ് മെഡലും നാലു പേരടങ്ങുന്ന കുടുംബത്തിന് കെടിഎം നൽകുന്ന ഒരുലക്ഷം രൂപയുടെ ഒരാഴ്ചത്തെ കേരള ട്രാവൽ പാക്കേജും ആയിരുന്നു കലാതിലകത്തെ കാത്തിരുന്നത്.
ഗോവ, മഡ്ഗാവ് നാനുട്ടെൽ ഹോട്ടലിൽ ഗോവ പ്രോവിൻസ് സംഘടിപ്പിച്ച ചടങ്ങിൽ ഗോവ പ്രോവിൻസ് ചെയർമാൻ സ്റ്റാൻലി ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു. പ്രോവിൻസ് പ്രസിഡന്റ് അരുൾ തോമസ് പ്രോവിൻസ് പ്രവർത്തനങ്ങൾ വിശദമാക്കി.
ഇന്ത്യ റീജണ്‍ പ്രസിഡന്റ് പി.എൻ. രവി, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി എൻ.പി. വാസു നായർ, ബൈലോ റിവ്യൂ കമ്മിറ്റി ചെയർമാൻ ഷിബു രഘുനാഥ്, വള്ളുവനാട് പ്രോവിൻസ് പ്രസിഡന്റ് ജോസ് പുതുക്കാടൻ, സുജിത് ശ്രീനിവാസൻ, അഡ്വ. രാമൻ നായർ എന്നിവർ പ്രസംഗിച്ചു.
ഗോവാ പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് രാജേശ്വരി നായർ, ഇന്ത്യ റീജണ്‍ വിമൻസ് ഫോറം സെക്രട്ടറി ലിനു തോമസ് എന്നിവർ പരിപാടിയുടെ അവതാരകരായി. ഡബ്ല്യു. എം.സി ഇലക്ഷൻ കമ്മീഷണർ ജോസഫ് പെരുനിലം നന്ദി പറഞ്ഞു.