പോലീസിനെ കബളിപ്പിച്ചു; "ദശരഥപുത്രൻ രാമ'ന് എതിരേ കേസ്
Wednesday, October 20, 2021 12:26 AM IST
അഞ്ചൽ: വാഹന പരിശോധനയ്ക്കിടെ പോലീസിന് തെറ്റായ മേൽവിലാസം നൽകി കബളിപ്പിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു. കാട്ടാക്കട നന്ദഭവനിൽ നന്ദകുമാറിനെതിരേയാണ് കേസ്. ചടയമംഗലം പോലീസ് എംസി റോഡിൽ വാഹനപരിശോധന നടത്തുന്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിലെത്തിയ നന്ദകുമാറിനെ തടഞ്ഞു.
തുടർന്ന് 500 രൂപ പിഴ ഒടുക്കിയിട്ട് പോലീസ് പേരും മേൽവിലാസവും ചോദിച്ചപ്പോൾ പേര് രാമൻ എന്നും പിതാവിന്റെ പേര് ദശരഥൻ എന്നും സ്ഥലം അയോധ്യ എന്നും പറയുകയായിരുന്നു.
ഇത് രേഖപ്പെടുത്തിയ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരാമർശങ്ങൾ വൈറലാവുകയും ചെയ്തു.
ഐപിസി 419, കേരള പോലീസ് ആക്ട് 121 , മോട്ടോർ വാഹന നിയമം 179 (ഡി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഈയാൾ മാനസിക രോഗിയാണെന്നും 15 വർഷത്തിലേറെയായി ചികിത്സയിലാണെന്നും കണ്ടെത്തിയതിനെ തുടർന്ന് സുജിത്തിനെ പോലീസ് തിരുവനന്തപുരം പേരുർക്കട മാനസിക രോഗ ചികിത്സാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.