ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തും: മന്ത്രി അനിൽ
Thursday, October 21, 2021 10:50 PM IST
തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്.
സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ 680 ചാക്ക് അരി എത്തിച്ചു.
ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ റവന്യു വകുപ്പിന്റെയോ ഉദ്യോഗസ്ഥർ ഇൻഡന്റ് നൽകുന്ന മുറയ്ക്ക് ഭക്ഷ്യ വകുപ്പിന് കീഴിലുള്ള മാവേലിസ്റ്റോറിൽ നിന്നോ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നിന്നോ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടൽ മൂലം ദുരന്ത ഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ തകർന്ന മാവേലിസ്റ്റോർ പൊതുജനങ്ങളുടെ സഹകരണത്തോടെ വെള്ളിയാഴ്ച പ്രവർത്തന സജ്ജമാകും. കാലവർഷ കെടുതിയിൽ നാശനഷ്ടം സംഭവിച്ച വിവിധ മാവേലിസ്റ്റോറുകളുടെയും റേഷൻ കടകളുടെയും നഷ്ടക്കണക്ക് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ കണക്കാക്കി വരികയാണ്.