പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍മാണം: ആര്‍ക്കിടെക്ടുകള്‍ വിട്ടുനില്‍ക്കണമെന്ന് ഐഐഎ
Friday, October 22, 2021 12:44 AM IST
കൊച്ചി: കേരളത്തില്‍ അടിക്കടിയുള്ള പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അശാസ്ത്രീയവും അപകടകരവുമായ നിര്‍മാണ പ്രവൃത്തികളില്‍നിന്ന് വാസ്തുശില്പികളും സാങ്കേതികവിദഗ്ധരും വിട്ടു നില്‍ക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് (ഐഐഎ) കേരള ചാപ്റ്റര്‍ ചെയര്മാന് എല്‍. ഗോപകുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കെട്ടിടങ്ങളും റിസോര്‍ട്ടുകളുമാണ് പ്രധാനമായും പശ്ചിമ ഘട്ടത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ ഉയരുന്നത്.
വന്‍കിട ഖനനങ്ങളും നിര്‍മാണങ്ങളുമാണ് ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് ഒഴിവാക്കാന്‍ ജനമുന്നേറ്റം ആവശ്യമാണ്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ ഇതിനെതിരായി അണിനിരന്നാല്‍ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു.
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്താനും പുതിയ ഒരു ഡിസൈന്‍ നയം രൂപപ്പെടുത്താനും ഈ അവസരം നിമിത്തമാകണം.ഇനിയുമൊരു പ്രകൃതി ദുരന്തവും ജീവഹാനിയും ഉണ്ടാകുകയില്ലെന്ന് ഉറപ്പാക്കണം. ഇതിനായി വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഐഐഎ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.