ഇടുക്കി അണക്കെട്ടിലെ രണ്ടു ഷട്ടറുകൾ അടച്ചു
Saturday, October 23, 2021 12:36 AM IST
തൊടുപുഴ: ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് അടച്ചത്. അതേസമയം മൂന്നാം നന്പർ ഷട്ടർ (മധ്യത്തിലെ) നിലവിലുള്ള 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റിമീറ്ററായി ഉയർത്തി 40 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ തീരുമാന പ്രകാരമാണ് ഇന്നലെ രണ്ടു ഷട്ടറുകൾ അടച്ചത്.
ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 2398.20 അടിയാണ്. ഇതു സംഭരണശേഷിയുടെ 94.5 ശതമാനമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണിയാറിലേക്ക് ഒഴുക്കിയത്.
എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പകലും പദ്ധതിപ്രദേശത്ത് മഴ മാറിനിൽക്കുന്ന സാഹചര്യമായിരുന്നു.ഇതു നീരൊഴുക്ക് കുറയുന്നതിന് കാരണമായി. കേന്ദ്ര ജലകമ്മീഷന്റെ നിലവിലെ റൂൾകർവനുസരിച്ച് അണക്കെട്ടിന്റെ റെഡ് അലർട്ട് ലെവൽ 2398.31 അടിയായതിനാൽ ഇതേ അളവിൽ വെള്ളം സംഭരിക്കാനാകും.