മലയോരം വീണ്ടും ഭീതിയിൽ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
Sunday, October 24, 2021 12:21 AM IST
പത്തനംതിട്ട: ശക്തമായ മഴയ്ക്കിടെ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപകമായ ഉരുൾപൊട്ടൽ. കോന്നി, റാന്നി താലൂക്കുകളിൽ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്.
കുത്തൊഴുക്കിൽ മലയോര മേഖലയിൽ വ്യാപക നാശം സംഭവിച്ചു. വൈകുന്നേരം രണ്ട് മണിക്കൂറിൽ കോന്നിയിൽ രേഖപ്പെടുത്തിയത് 7.4 സെന്റിമീറ്റർ മഴ.
ആങ്ങമൂഴി വനത്തിലും പ്ലാപ്പള്ളി ഭാഗത്തും ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി. റാന്നി താലൂക്കിൽ കുരുന്പൻമൂഴി പനംകുടന്ത ഭാഗത്തും ഉരുൾപൊട്ടി. ജനവാസ മേഖലയായ കുരുന്പൻമൂഴി, മണക്കയം ഭാഗങ്ങൾ വീണ്ടും ഒറ്റപ്പെട്ടു.
അടിയാൻകാല തോട്ടിലൂടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ലക്ഷ്മിഭവനിൽ സഞ്ജയന്റെ വീട്ടുമുറ്റത്തു കിടന്ന കാർ ഒഴുകിപ്പോയി. പ്ലാപ്പള്ളി വനത്തിൽ ഉരുൾപൊട്ടി ശങ്കരംതോട്, പാലത്തടിയാർ തോട്ടിലൂടെ ഒഴുകിയെത്തിയ മലവെള്ളം കോട്ടമണ്പാറ, ആങ്ങമൂഴി പാലത്തിനു മുകളിലൂടെ ഒഴുകി. പാലത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മലവെള്ളപ്പാച്ചിലിനെത്തുടർന്ന് കക്കാട്ടാറ്റിലും പന്പയിലും ജലനിരപ്പ് ഉയർന്നു. പന്പാനദിയിലെ കുരുന്പൻമൂഴി കോസ്വേയിലൂടെ യാത്ര പൂർണമായി തടസപ്പെട്ടു. കുരുന്പൻമൂഴി, മണക്കയം കോളനികൾ ഒറ്റപ്പെട്ടു. മണക്കയത്ത് ജനവാസ മേഖലയിലെ അഞ്ച് കുടുംബങ്ങൾ കഴിയുന്ന പ്രദേശം ഒറ്റപ്പെട്ട തുരുത്തുപോലെയായി. പെരുന്തേനരുവി വഴിയുള്ള കൂപ്പ് റോഡിൽ മണ്ണിടിച്ചിലുണ്ടായി.
കനത്ത മഴയിൽ സംഭരണികളിലും ജലനിരപ്പ് ഉയർന്നു. പന്പ സംഭരണിയുടെ ഷട്ടറുകൾ ഇന്നലെ അടച്ചിരുന്നു. കക്കി സംഭരണിയുടെ രണ്ട് ഷട്ടറുകൾ തുറന്ന് നേരിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂഴിയാർ, മണിയാർ സംഭരണികളുടെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.