വൈദികനെതിരേ കള്ളക്കേസ്: യു.പി മുഖ്യമന്ത്രിക്ക് പി.സി. തോമസിന്റെ കത്ത്
Monday, October 25, 2021 12:15 AM IST
കോട്ടയം: ഉത്തർപ്രദേശിൽ കഴിഞ്ഞ പത്തിന് ഏതാനും കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞു വച്ചതിനെ തുടർന്ന് അവരെ ഇറക്കാൻ സ്റ്റേഷനിലെത്തിയ വൈദികനെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് കത്തയച്ചു.
ബസ് കയറി പോകാൻ തുടങ്ങിയ ഒരു കന്യാസ്ത്രീയെയും കൂടെ വന്ന മറ്റൊരു കന്യാസ്ത്രീയെയും ഡ്രൈവറെയും ഉൾപ്പെടെയാണ് ചില ആളുകൾ തടഞ്ഞത്. ഡ്രൈവറെ അതിക്രൂരമായി മർദിക്കുകയും ചെയ്തു. അതിനെതിരെ പോലീസിൽ പരാതി പറഞ്ഞ കന്യാസ്ത്രികളെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും തടഞ്ഞു വെക്കുകയാണ് പോലീസ് ചെയ്തത്. ഇവരെ ഇറക്കുവാൻ ആണ് കോളജ് പ്രിൻസിപ്പലായ വൈദികൻ അവിടെ ചെന്നത്. കന്യാസ്ത്രീകളെ വിട്ടയച്ചെങ്കിലും വൈദികനെതിjsകേസെടുക്കുകയായിരുന്നു
യുപിയിലും മറ്റു ചില പ്രദേശങ്ങളിലും ക്രൈസ്തവർക്കെതിരെ നീചമായ രീതിയിൽ അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തോമസ് കത്തയിച്ചിട്ടുണ്ട്.