കോളജുകൾ സജീവമായി
Tuesday, October 26, 2021 1:20 AM IST
തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടർന്നു പൂർണമായും അടച്ചിട്ട സംസ്ഥാനത്തെ കോളജുകളിലെ എല്ലാ ക്ലാസുകളും തുറന്നതോടെ കാന്പസുകൾ സജീവമായി.
വീട് ക്ലാസ് മുറികളാക്കിയ ദിവസങ്ങൾക്കു വിട നല്കി രാവിലെതന്നെ വിദ്യാർഥികൾ കലാലയങ്ങളിലേക്ക് ഒഴുകിയെത്തി. കോവിഡ് പശ്ചാത്തലത്തിൽ കോളജുകളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
വിദ്യാർഥികൾ കൂട്ടംകൂടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് റൂമുകൾ പൂർണമായും അണുനശീകരണം നടത്തിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്തെ കോളജുകൾ കഴിഞ്ഞയാഴ്ച തുറക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, അതിശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെത്തുടർന്ന് കോളജ് തുറക്കൽ ഇന്നലത്തേക്കു മാറ്റുകയായിരുന്നു.