സ്ത്രീകളില്‍ 29ല്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുവെന്ന് പഠനം
Wednesday, October 27, 2021 12:15 AM IST
കൊച്ചി: ഇന്ത്യയിലെ സ്ത്രീകളില്‍ 29ല്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുവെന്ന് പഠനങ്ങള്‍. ഇവരില്‍ 40% പേരിലും അവസാന ഘട്ടത്തിലാണ് (മൂന്നാമത്തെയോ നാലാമത്തെയോ) രോഗ നിര്‍ണയം നടത്തുന്നത്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണം, കുറഞ്ഞ ശാരീരിക വ്യായാമം, ഉയര്‍ന്ന മാനസിക സമ്മര്‍ദം എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം കേരളത്തിലെ സമ്പന്നരായ സ്ത്രീകളില്‍ ഈ രോഗബാധ ഗണ്യമായി വര്‍ധിച്ചു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഈ രോഗബാധ കണ്ടുവരുന്നുണ്ട്.
സ്തനാര്‍ബുദം ഒരു ഹോര്‍മോണിനെ ആശ്രയിച്ചുള്ള രോഗാവസ്ഥ ആയതിനാല്‍ ആര്‍ത്തവവിരാമം അല്ലെങ്കില്‍ നേരത്തെയുള്ള ആര്‍ത്തവം തുടങ്ങി സ്ത്രീ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കാലതാമസം നേരിടുന്ന ആദ്യ പ്രസവം (30 വയസിനു മുകളില്‍), ദീര്‍ഘനാളായുള്ള ഗര്‍ഭനിരോധന ഗുളികകളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് മറ്റ് അപകടഘടകങ്ങള്‍.
സര്‍ജറി, കീമോതെറാപ്പി അല്ലെങ്കില്‍ മറ്റ് മെച്ചപ്പെട്ട ടാര്‍ഗെറ്റ് ചികിത്സകള്‍, ഹോര്‍മോണ്‍ തെറാപ്പികള്‍ എന്നിവയുള്‍പ്പെടെ സ്തനാര്‍ബുദത്തിന് വിവിധതരം ചികിത്സകള്‍ ഇന്നു ലഭ്യമാണെന്ന് കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഓങ്കോളജിസ്റ്റുമായ ഡോ. എന്‍.കെ. വാര്യര്‍ പറഞ്ഞു.