യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർ നിയമസഭയിലേക്ക് തള്ളിക്കയറി
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: പേരൂർക്കടയിലെ ദന്പതികളുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിനെത്തുടർന്ന് വനിതാ പ്രവർത്തകർ നിയമസഭയിലേക്ക് തള്ളിക്കയറി.
വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാർച്ച്. മാർച്ച് പ്രതിരോധിക്കാനായി പോലീസ് ഒന്നാം നന്പർ ഗേറ്റിനു മുന്നിൽ വൻ സന്നാഹമൊരുക്കിയിരുന്നു. എന്നാൽ രണ്ടാം നന്പർ ഗേറ്റ് വഴി വനിതാ പ്രവർത്തകർ സഭാ കോന്പൗണ്ടിലേക്ക് പ്രവേശിച്ചു.
മുദ്രാവാക്യം വിളിയോടെ പ്രവർത്തകർ മുന്നോട്ടുപോയപ്പോൾ പോലീസെത്തി തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രാ ദാസ്, വീണാ എസ്. നായർ, ജില്ലാ ഭാരവാഹികളായ അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.