നവവധുവിന്റെ ആത്മഹത്യ: സിഐക്കു സസ്പെൻഷൻ
Saturday, November 27, 2021 1:28 AM IST
ആലുവ: നവവധുവായ നിയമവിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിജിപിയാണ് സസ്പെന്‍ഡ് ചെയ്തത്.
സുധീറിനെതിരേ വകുപ്പുതല അന്വേഷണവും നടക്കും. കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. രാമമംഗലം സിഐ സൈജു കെ. പോളിനെ ആലുവയിൽ പുതിയ സിഐയായി നിയമിച്ചു.
സുധീറിനെ സസ്പെൻഡ് ചെയ്തതോടെ ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് മൂന്നു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.
ഭര്തൃവീട്ടുകാർക്കെതിരേയുള്ള പീഡനപരാതിയില്‍ ആലുവ പോലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കുശേഷം എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീൺ (23) വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.