എക്സൈസ് രേഖകളിലെഴുതുന്ന സമയരീതി മാറ്റണമെന്ന് വിജിലന്‍സ്
Sunday, November 28, 2021 12:47 AM IST
കോഴിക്കോട്: സംസ്ഥാന എക്സൈസില്‍ അബ്കാരി -നാർകോട്ടിക് കേസുകളുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുന്നതിലെ സമയരീതിയില് മാറ്റങ്ങള്‍ വരുത്തണമെന്ന് വിജിലന്‍സ്. 12 മണിക്കൂര്‍ എന്ന സമയ രീതി മാറ്റി റെയില്‍വേ സമയത്തിനനുസൃതമായി 24 മണിക്കൂര്‍ ഫോര്‍മാറ്റിലേക്ക് മാറ്റി അറസ്റ്റ് വിവരങ്ങളും തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുക്കുന്നതുമുള്പ്പെടെ ജനറല്‍ ഡയറിയില്‍ (ജിഡി) രേഖപ്പെടുത്തണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദേശം.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ജനറല്‍ ഡയറിയില്‍ 12 മണിക്കൂര്‍ സമയം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം എക്സൈസിന്റെ കേസുകളെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഓഫീസര്‍ കെ. മുഹമ്മദ് ഷാഫി വിജിലന്‍സ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ സമയരീതിയിലെ മാറ്റങ്ങള്‍ കാരണം ദിവസങ്ങള്‍ വരെ തെറ്റായി മാറുമെന്നും ഇത് എക്സൈസ് സേനയ്ക്കു കളങ്കമായി മാറുമെന്നും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമയക്രമം 24 മണിക്കൂര്‍ ഫോര്‍മാറ്റില്‍ ആക്കി എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കി.