മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കി
Saturday, December 4, 2021 12:20 AM IST
കൊച്ചി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര്. പ്രശാന്തിന് ആശ്രിത നിയമനം നല്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനെതിരേ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
എന്‍ജിനിയറിംഗ് ബിരുദധാരിയായ ആര്. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസി. എന്‍ജിനിയര്‍ തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചിരുന്നത്.
എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്കാന് വ്യവസ്ഥയില്ലെന്നും പ്രശാന്തിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.