മൂന്ന് ഐഎഎസുകാർക്കുകൂടി അഡീഷണൽ ചീഫ് സെക്രട്ടറി പദവി
Saturday, December 4, 2021 12:20 AM IST
തിരുവനന്തപുരം: മുതിർന്ന മൂന്നു പ്രിൻസിപ്പൽ സെക്രട്ടറിമാരെ അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. 1992 ബാച്ചിലെ സഞ്ജയ് കൗശിക്, ഡോ. കെ. ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെയാണ് ചീഫ് സെക്രട്ടറി പദവിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരാക്കുന്നത്. ഒഴിവുകൾ വരുന്ന മുറയ്ക്ക് ഇവർക്കു പദവി ലഭിക്കും.
എന്നാൽ, ഇവരേക്കാൾ സീനിയർ ഉദ്യോഗസ്ഥരായ 1991 ബാച്ചിലെ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, കാർഷികോത്പാദന കമ്മീഷണർ ഇഷിതാറോയി എന്നിവരെ സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. നേരത്തെയുള്ള അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെയും സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി ഇഷിതാ റോയിയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവിൽ ഒരു ചീഫ് സെക്രട്ടറിയും ഏഴ് അഡീഷണൽ ചീഫ് സെക്രട്ടറിമാരുമാണ് സംസ്ഥാനത്തുള്ളത്. അടുത്തിടെയാണ് സഞ്ജയ് കൗശിക് കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു സംസ്ഥാനത്തു മടങ്ങിയെത്തിയത്.
വ്യവസായ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇളങ്കോവൻ. ബിശ്വനാഥ് സിൻഹ പദ്ധതി നിർവഹണത്തിന്റെയും തദ്ദേശ സ്ഥാപന (അർബൻ) വകുപ്പിന്റെയും ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഇവർക്കു സ്ഥാനക്കയറ്റം ലഭിക്കുന്ന മുറയ്ക്കു മുതിർന്ന സെക്രട്ടറിമാർക്ക് പ്രിൻസിപ്പൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകും.