ഡിഎംകെയിൽ നിന്നു സിപിഎം 25 കോടിയും സിപിഐ 10 കോടിയും കോഴ വാങ്ങി: വി.ഡി. സതീശൻ
Sunday, December 5, 2021 12:31 AM IST
ചെറുതോണി: കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് തമിഴ്നാട്ടിലെ ഡിഎംകെയിൽനിന്നു സിപിഎം 25 കോടി രൂപയും സിപിഐ 10 കോടി രൂപയും കോഴവാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് കോഴ വാങ്ങിയതിന്റെ നന്ദി പ്രകടിപ്പിക്കാനാണ്.
ഈ ആരോപണം താൻ നിയമസഭയിൽ ഉന്നയിച്ചിട്ടും മറുപടിപറയാൻ മുഖ്യ മന്ത്രി തയ്യാറായിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീ - കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ഉദഘാടനം ചെയ്യുകയായിരുന്നു സതീശൻ.
ലോകത്ത് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിരിക്കുന്ന വസ്തുക്കളാൽ നിർമിച്ചിരിക്കുന്നത് ആറ് അണക്കെട്ടുകളാണ്. ഇതിൽ നാലെണ്ണം നിലവിൽ ഡീ-കമ്മീഷൻ ചെയ്തു. ഡീ കമ്മീഷൻ ചെയ്യേണ്ട ഡാമുകളുടെ പട്ടികയിൽ ഉള്ളതാണ് മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ യുഡിഎഫ് ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി. പി. സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ, ജോണി നെല്ലൂർ, കെ. ഫ്രാൻസിസ് ജോർജ്, ജെയ്സണ് ജോസഫ്, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, തുടങ്ങിയവർ പ്രസംഗിച്ചു.