കേരളത്തില്‍ രണ്ടു കുരുമുളക് ഇനങ്ങള്‍കൂടി കണ്ടെത്തി
Friday, January 21, 2022 12:39 AM IST
കൊച്ചി: പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളില്‍നിന്നു രണ്ടു പുതിയ കുരുമുളക് ഇനങ്ങളെക്കൂടി കണ്ടെത്തി.
വയനാട്ടില്‍നിന്നു മൂന്നു സെന്റിമീറ്റര്‍ മാത്രം വലിപ്പം വയ്ക്കുന്ന ചെറിയ തിരികളോടുകൂടിയ ഇനവും, ഇടുക്കിയിൽ മുട്ടയുടെ ആകൃതിയില്‍ ദീർഘ വൃത്താകൃതിയിൽ കായ്കള്‍ ഉണ്ടാകുന്നവയുമാണു കണ്ടെത്തിയത്.
വയനാട്ടില്‍നിന്നു കണ്ടെത്തിയ ഇനത്തിനു പെപ്പര്‍ കുറിച്യര്‍ മലയാനം എന്നും, ഇടുക്കിയിൽനിന്നുള്ളതിനു പെപ്പര്‍ ഓവലി ഫാക്ട്രം എന്നുമാണ് ശാസ്ത്രനാമം നൽകിയിട്ടുള്ളത്.
ഹെല്‍മെറ്റ് ആകൃതിയിൽ ഉപദളങ്ങളുള്ള രണ്ടിനങ്ങളുടെയും ആണ്-പെണ് പൂക്കള്‍ രൂപപ്പെടുന്നത് തിരിയില്‍ ഒട്ടിച്ചേര്‍ന്നാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ആണ് പൂക്കള്‍ കുറിച്യര്‍ മലയാനത്തിന്റെ പ്രത്യേകതയാണ്. ആലപ്പുഴ സനാതനധര്‍മ (എസ്ഡി) കോളജിലെ സസ്യശാസ്ത്ര അധ്യാപകന് ഡോ. ജോസ് മാത്യു, കല്പറ്റ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ സലിം പിച്ചന്, കേരള യൂണിവേഴ്സിറ്റി സസ്യശാസ്ത്രവിഭാഗം പ്രഫസര്‍ ഡോ. പി.എം. രാധാമണി, ചെമ്പഴന്തി എസ്എന്‍ കോളജ് സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. എസ്.എസ്. ഉഷ എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍.
ഫിന്ലന്ഡില്നിന്നു പ്രസിദ്ധീകരിക്കുന്ന അനല്‍സ് ബോട്ടാനിസി ഫെന്നിസി എന്ന ശാസ്ത്ര ജേര്‍ണലിന്റെ പുതിയ വോള്യത്തില്‍ ഈ സസ്യങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ചെടികളുടെ സംരക്ഷണത്തിനും രാസസംയുക്ത പഠനത്തിനുമുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്.